കൊച്ചി: ബ്രഹ്മപുരം എന്നുകേട്ടാല്‍ മാലിന്യങ്ങള്‍ മലപോലെ നിറഞ്ഞുനില്ക്കുന്ന സ്ഥലത്തിന്റെ ചിത്രമാണ് ആളുകളുടെ മനസ്സിലേക്ക് ആദ്യംവരിക. ഈ മാലിന്യമലകള്‍ നീക്കംചെയ്ത ബ്രഹ്മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. മേയര്‍ എം. അനില്‍ കുമാറിനും പി.വി. ശ്രീനിജന് എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ മന്ത്രിതന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മാലിന്യമലകള്‍ നീക്കിയ ബ്രഹ്മപുരത്ത് മേയര്‍ എം അനില്‍ കുമാറിനും പി വി ശ്രീനിജന് എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിച്ചപ്പോള്‍… എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ‘ബ്രഹ്മപുരത്ത് വേണമെങ്കിൽ ഇപ്പോൾ ക്രിക്കറ്റ് കളിക്കാം… പതിറ്റാണ്ടുകളായി ബ്രഹ്മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75%-വും ഇതിനകം നീക്കംചെയ്തിട്ടുണ്ട്, 18 ഏക്കർ ഭൂമി ഇങ്ങനെ വീണ്ടെടുത്തു’, മന്ത്രി കുറിച്ചു.
ബ്രഹ്മപുരത്ത് 400 കോടിയുടെ പി.പി.പി. പദ്ധതിയടക്കം 706.55 കോടി രൂപയുടെ സമഗ്ര ഖരമാലിന്യ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനൊരുങ്ങുകയാണ് കൊച്ചി കോര്പ്പറേഷന്. സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ലോകബാങ്ക് സഹായത്തോടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രഹ്മപുരത്തെ 108 ഏക്കറില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പതിനേഴ് പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇവ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്.
ബ്രഹ്മപുരത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ബ്രഹ്മപുരത്ത് പുറത്തും അകത്തും നിലവാരമുള്ള റോഡുകള്‍ ഉണ്ടാക്കും. ഏഴുമീറ്റര്‍ വീതിയില്‍ സൈക്കിള്‍ട്രാക്കും ഫുട്പാത്തും ഗ്രീന്‍ ബെല്‍റ്റും അടങ്ങുന്നതാവും പുഴത്തീരത്തുകൂടിയുള്ള റിങ് റോഡ്. അകത്തുള്ള റോഡിനും ഏഴു മീറ്ററായിരിക്കും വീതി.