കോഴിക്കോട്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നത് ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. കുറ്റമറ്റ രീതിയില്‍ പുനരാധിവാസം നടത്തണമെന്നുള്ളതു കൊണ്ടാണ് കാലതാമസമുണ്ടാകുന്നത്. ഉരുള്‍പൊട്ടലിനെക്കുറിച്ച് പഠിച്ച ഭൗമ ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
മുണ്ടക്കൈയിലും ചൂരല്‍മരയിലും കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളുണ്ടെന്നും പുഞ്ചിരി മട്ടം സുരക്ഷിതമല്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.
ടൗണ്‍ഷിപ്പിന് വേണ്ടി സര്‍ക്കാര്‍ എട്ട് സ്ഥലങ്ങളുടെ ലിസ്റ്റ് വിദഗ്ധസമിതിക്ക് കൈമാറിയിരുന്നു. ഇതില്‍ അഞ്ചിടങ്ങള്‍ സുരക്ഷിതമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ 35 കുടുംബങ്ങള്‍ മാത്രമാണ് നാലു ക്യാമ്പുകളിലായി ഉള്ളത്. അടുത്ത വ്യാഴാഴ്ച ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്കൂളുകള്‍ തുറക്കും. സ്വയം വീടുകള്‍ കണ്ടെത്തിയവര്‍ക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില്‍ ജില്ലാ കലക്ടറെ ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.