വാഷിങ്ടണ്‍: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം-ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.അതേസമയം, ജലത്തിനടിയില്‍ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാര്‍ ഉപകരണങ്ങള്‍ ചില ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് പുറത്തെത്തി. ടൈറ്റന് കാണാതായ മേഖലയില്‍നിന്നാണ് ശബ്ദം പിടിച്ചെടുത്തതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ കാനഡയുടെ പി.-3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതെന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇത് യു.എസ്. നേവി വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ശബ്ദം എവിടെനിന്നാണ് ലഭിച്ചത് എന്നറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച, അര മണിക്കൂറിന്റെ ഇടവേളകളിലാണ് ശബ്ദം കേട്ടിരുന്നതെന്ന് യു.എസ്. സര്‍ക്കാരിന്റെ ഇന്റേണല്‍ കമ്യൂണിക്കേഷനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആദ്യം ശബ്ദതംരഗങ്ങള് പിടിച്ചെടുത്തത് നാലു മണിക്കൂറിനു ശേഷം വേറെ സോനാറും ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും ശബ്ദം കേള്‍ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച എപ്പോഴാണ് ശബ്ദം കേട്ടതെന്ന കാര്യം യു.എസ്. സര്‍ക്കാരിന്റെ ഇന്റേണല്‍ കമ്യൂണിക്കേഷനില്‍ വ്യക്തമായി പറയുന്നില്ലെന്നാണ് വിവരം.ഞായറാഴ്ച പുലര്‍ച്ചെയാണ് ടൈറ്റന് പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. പേടകം നിയന്ത്രിക്കുന്ന ആള്, ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന് സുലേമാന് ഉള്‍പ്പെടെ അഞ്ചുപേരാണ് പേടകത്തിലുള്ളത്. ഇവര്‍ക്കായി യു.എസും കാനഡയും സംയുക്തമായി നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്.ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അകത്തുണ്ടെങ്കിലും പുറത്തുനിന്ന് മാത്രമേ ടൈറ്റന് തുറക്കാനാവുകയുള്ളൂ. മുപ്പത് മണിക്കൂര്‍ സമയത്തേക്ക് മാത്രമുള്ള ഓക്സിജനാണ് പേടകത്തില്‍ അവശേഷിക്കുന്നതെന്നാണ് വിവരം. മേഖലയിലെ മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനകം 1,970 ചതുരശ്ര അടിയില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.