
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള സിയന്നാ പ്ലാൻറ്റേഷൻ, വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി സെപ്റ്റംബർ 24നു അപ്നാബസാർ ഓഡിറ്റോറിയത്തിൽ വച്ച് ഓണം ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരള തനിമയാർന്ന ഓണാഘോഷം അത്യന്തം വർണശബളവും ആകർഷകവുമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായി എത്തിയ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി സമൂഹ നിവാസികൾ ഓണാഘോഷം കളറാക്കി.
വാട്ടർഫോർഡ് മലയാളി മങ്കമാർ തീർത്ത പൂക്കളത്തിനു ചുറ്റും, ഓണത്തുമ്പികളേയും പൂമ്പാറ്റകളെയും പോലെ മലയാളി പൈതങ്ങൾ ആവേശത്തോടെ ഓടി കളിച്ചപ്പോൾ കേരളത്തിലെങ്ങോ ഓണക്കാലത്തു മുറ്റത്തു തീർത്ത പൂക്കളത്തിനു ചുറ്റും ബാലികാ ബാലന്മാർ വട്ടമിട്ട് ആർത്തുല്ലസിക്കുന്ന ഒരു പ്രതീതിയാണുണ്ടായത്.

കുട്ടികളും മുതിർന്നവരും കേരളീയരുടെ ഓണം എന്ന മഹോത്സവത്തെ പറ്റി തനതായ ശൈലിയിൽ ലഘു പ്രഭാഷണങ്ങൾ നടത്തി. ഓണത്തെ ചുറ്റിപ്പറ്റിയുള്ള കഥകളും ഐതിഹ്യങ്ങളും അവർ പങ്കുവച്ചു. മാവേലിത്തമ്പുരാൻ നാടുവാണ ആ സുവർണ്ണ കാലഘട്ടത്തെ അവർ അനുസ്മരിച്ചു. തുടർന്നങ്ങോട്ട് വൈവിധ്യമേറിയ കലാപരിപാടികൾ ഓരോന്നായി ആസ്വാദകരുടെ കയ്യടികളും ഹർഷാരവങ്ങളുമായി അരങ്ങേറി. ഓണക്കാലത്തെ അനുസ്മരിപ്പിക്കുന്ന നാടൻപാട്ടുകൾ വഞ്ചിപ്പാട്ടുകൾ കൊയ്ത്തുപാട്ടുകൾ ചുവടുവയ്പ്പുകൾ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

കുട്ടനാടൻ…പുഞ്ചയിലെ… എന്നു തുടങ്ങുന്ന വള്ളംകളി ഗാനാലാപനത്തോടെ ചുറ്റും വെള്ളം നിറഞ്ഞ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി നിവാസികളും വള്ളം തുഴയുന്ന ശരീരലാസ്യആംഗ്യ ഭാവങ്ങളോടെ താളം പിടിച്ചും പാടിയും സദസ്സും അരങ്ങും കൊഴുപ്പിച്ചു. ചെണ്ടമേളം അതീവ ഹൃദ്യമായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ തന്നെ വിളമ്പി.

ഓണാഘോഷ പരിപാടികൾക്ക്, ബിനു സഖറിയാ, മനോജ് മാത്യു, ജോഷി ചാലിശ്ശേരി, ഡൈജു മുട്ടത്ത്, തോമസ് വർഗീസ്, ജോസ് മാത്യു, ജോജി മാത്യു, ജോ തോമസ്, ജൂലി തോമസ്, ആൻഡ്രൂസ് ജേക്കബ്, ഷീബ ജേക്കബ്, ഷിബു ജോൺ, ജോബിൻസ് ജോസഫ്, മാത്യൂസ് വർഗീസ്, ലതാ മാത്യുസ്, ഷിക്കാഗോ ജോൺ, ബിജിനോസ് പാലാരിവട്ടം, ജോൺ എബ്രഹാം, ജോ തോമസ്, വിജയൻ തലപ്പള്ളി, ഫിലിപ്പ് കൂവക്കാട്, ബിനു മേനാംപറമ്പിൽ, സൈമൺ ചെറുകര, സുരേഷ് കുമാർ, സോണി സൈമൺ, എബ്രഹാം കുര്യാക്കോസ്, വിനോദ് തോമസ്, എ. സി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ വാട്ടർഫോർഡ് നിവാസി കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടികൾക്ക് പര്യാവസാനമായി.
റിപ്പോർട്ട്: എ സി ജോർജ്
