സോള്‍: യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെയ്തെന്ന് ഉത്തരകൊറിയന്‍ മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന് യോഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. സൈന്യത്തിന്റെ ഉന്നത ജനറലിനു പകരം ജനറല്‍ റി യോങ് ഗില്ലിനെയാണ് നിയമിച്ചത്. കഴിഞ്ഞ ആഴ്ച കിം ആയുധ ഫാക്ടറികള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
കൂടുതല്‍ മിസൈല്‍ എഞ്ചിനുകളും പീരങ്കികളും മറ്റ് ആയുധങ്ങളും നിര്‍മ്മിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധത്തിന് റഷ്യക്ക് പീരങ്കി ഷെല്ലുകളും റോക്കറ്റുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉത്തരകൊറിയ നല്‍കിയതായി അമേരിക്ക ആരോപിച്ചു. അതേസമയം, റഷ്യയും ഉത്തരകൊറിയയും ആരോപണം നിഷേധിച്ചു. പുതിയതായി നിര്‍മിച്ച ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങള്‍ നടത്താനും കിം ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക ദിനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സെപ്തംബര്‍ 9 ന് ഉത്തര കൊറിയ സൈനിക പരേഡ് നടത്തിയേക്കും. ഓഗസ്റ്റ് 21 നും 24 നും ഇടയില്‍ യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് തങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളിയായിട്ടാണ് ഉത്തരകൊറിയ കാണുന്നത്.