
മനാമ: ഓണ്‍ലൈന്‍ സ്റ്റോറുകള്‍ എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വ്യാപിക്കുന്നതിനെതിരെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഴിമതി വിരുദ്ധ, സാമ്പത്തിക- ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.
വ്യക്തികളെ കബളിപ്പിച്ച് അവരുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ കൈക്കലാക്കാനായി എക്സ്ക്ലൂസീവ് ഡീലുകള്‍ എന്നു വിളിക്കപ്പെടുന്നവ പ്രമോട്ട് ചെയ്യുന്ന ഇത്തരം അക്കൗണ്ടുകള്‍ പുതിയ ഇനം ഐഫോണ്‍ വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാജ ചിത്രങ്ങളും സാക്ഷ്യപത്രങ്ങളും പോസ്റ്റ് ചെയ്യുക, വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്യുക തുടങ്ങിയ രീതികളാണ് ഇവര്‍ സ്വീകരിക്കുന്നത്. പണവും പ്രധാനപ്പെട്ട വിവരങ്ങളും കൈക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ പണം അടയ്ക്കുക, പരിമിതമായ ഓഫര്‍ തുടങ്ങിയ വാചകങ്ങള്‍ ഇത്തരം പോസ്റ്റുകളില്‍ കാണാം.
ഇതിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകളില്‍ ചെന്നു വീഴുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. ഇത്തരം അക്കൗണ്ടുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ കൈമാറരുതെന്നും ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു.
