
ദില്ലി: മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യയിലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ട്. പാർലമെൻറിൽ നിന്ന് സമാധാനത്തിന്റേയും സംവാദത്തിന്റേയും സന്ദേശം ഒറ്റക്കെട്ടായി പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. ഗൾഫ് രാജ്യങ്ങളുമായും ഇസ്രയേലുമായും ഇറാനുമായും അമേരിക്കയുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ എതിർക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്നു. ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം 1000 പേരെ തിരികെ എത്തിച്ചു. ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ നീക്കത്തിന് ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്.
പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എൽപിജിയും എത്തി. ലോക സാഹചര്യം ഇങ്ങനെ തുടർന്നാൽ ഗൗരവമേറിയ പ്രത്യാഘാതം ഉണ്ടാകും. ഇത്തരം പ്രതിസന്ധികൾ നേരിടാൻ നിരന്തര ശ്രമങ്ങൾ ഉണ്ടായി. ഇന്ത്യ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. മതിയായ ക്രൂഡ് ഓയിൽ ശേഖരം രാജ്യത്തുണ്ട്. എൽപിജി ഉത്പാദനം കൂട്ടാനും രാജ്യത്തിനായി. ഇന്ത്യയിൽ തന്നെ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടിയുടെ പദ്ധതി നടപ്പാക്കിയെന്നും മോദി പറഞ്ഞു.


