
മനാമ: വഖ്ഫ് നിയമ ഭേദഗതി ബില്‍ ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്തതും അനുഛേദം 26ന്റെ ലംഘനമാണെന്നും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാഷ്ട്രത്തിന്റെ അഖണ്ഡതക്കും മത സമൂഹങ്ങളുടെ അവകാശങ്ങൾക്കും ഇത് എതിരാണെന്നും വിലയിരുത്തി. മതസമൂഹങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കേണ്ടത്. വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ഓരോ പൗരനും മത, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി ലഭിക്കണമെന്നാണ് ഭരണഘടനയുടെ കാതൽ. ഇതിന് വിരുദ്ധമായ വകുപ്പുകൾ ഉൾക്കൊള്ളുന്ന വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ നിരാകരിക്കുന്നതാണ്. മതത്തിന്റെ പേരില്‍ മനുഷ്യർക്കിടയിൽ വിഭജനം സൃഷ്ടിക്കുന്ന സമീപനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും സൗഹാർദത്തിൻ്റെ അന്തരീക്ഷത്തിന് മങ്ങലേൽപിക്കുകയും ചെയ്യും.
വിവാദ നിയമഭേദഗതി മതവിശ്വാസികൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ച് അവർക്കിടയിൽ ശത്രുതയും വെറുപ്പും ഊതിപ്പെരുപ്പിക്കുകയും അതു വഴി വർഗീയ ധ്രുവീകരണ അജണ്ട ശക്തമാക്കി അധികാരം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടെന്നത് നിസ്തർക്കമാണ്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളടക്കമുള്ള വിവിധ രാഷ്ട്രീയ ജനപ്രതിനിധികൾ ബില്ലിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ബില്ല് പിൻവലിക്കാനും രാജ്യത്ത് ജനാധിപത്യവും, മത സൗഹാർദവും, മതേതരത്വവും, അഖണ്ഡതയും നിലനിർത്താനും സർക്കാർ മുൻകൈയെടുക്കണ മെന്നും ഇതിനായി മതനിരപേക്ഷ കക്ഷികൾ അടക്കം എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് സർക്കാരിൽ സമ്മർദം ചെലുത്തേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം ചേർന്ന ഫ്രൻഡ്സ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
