
ദില്ലി: വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും കാര്യങ്ങൾ മറിച്ചാണെന്ന് ഹർജിയിൽ പറയുന്നു. നിയമത്തിന്റെ പിൻബലത്തോടെ ഭൂമി ഏറ്റെടുക്കുകയും ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങൾ തകർക്കുകയും ചെയ്തുവെന്ന് സമസ്ത ഹര്‍ജിയിൽ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചു. ഇത് സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണെന്നും അതുകൊണ്ട് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്.
നേരത്തെ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത ഫയൽ ചെയ്ത ഹര്‍ജിയിലെ പരാതി. വഖഫ് നിയമഭേദഗതി വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുകള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറുമെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. ഇപ്പോള്‍ വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി നൽകിയത്.
