തിരുവനന്തപുരം: കോപ്പിയടിയില്‍ രണ്ട് ഹരിയാണ സ്വദേശികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്നിഷ്യന്‍ ഗ്രേഡ് ബി പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെടും. ഹരിയാണയില്‍നിന്ന് 469 പേരാണ് പരീക്ഷയെഴുതിയത്. തട്ടിപ്പിന് പിടിയിലായതും ഇതേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇത്രയുമധികം പേര് പരീക്ഷ എഴുതിയതിനാല്‍ തട്ടിപ്പ് വ്യാപകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവര്‍ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നില്‍ ഹരിയാണയിലെ കോച്ചിങ് സെന്ററാണെന്നുമാണ് പോലീസിന്റെ നിഗമനം. ഹരിയാണ സ്വദേശികളായ സുമിത് (25), സുനില്‍ (25) എന്നിവരായിരുന്നു പോലീസിന്റെ പിടിയിലായത്.
പ്രതികളുടെ വിലാസം പരിശോധിച്ചപ്പോള്‍ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികള്‍ ക്രമക്കേട് കാണിച്ചത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നതെന്നുമായിരുന്നു പോലീസിന്റെ നിഗമനം. മെഡിക്കല്‍ കോളേജ്, മ്യൂസിയം പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികളില്‍ പലരും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചതായാണ് പ്രതികള്‍ പോലീസിന് നല്കിയ വിവരം. പരീക്ഷയെഴുതിയ പലരും സംസ്ഥാനം വിട്ടു.