തിരുവനന്തപുരം: വരാനിരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പരസ്യപ്പെടുത്താനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പിസിസികളെ സമീപിച്ചാൽ അത് ലഭ്യമാകും. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതായും കെ.സി വേണുഗോപാൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. വോട്ടർപട്ടിക പുറത്തുവിടാതെ എങ്ങനെ സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് സാധ്യമാകുമെന്ന് ജി-23 നേതാവ് മനീഷ് തിവാരി ചോദിച്ചു. തിവാരിയെ പിന്തുണച്ച് കാർത്തി ചിദംബരവും രംഗത്തെത്തി. സുതാര്യത വേണമെന്നാണു മനീഷ് പറഞ്ഞതെങ്കില്‍ എല്ലാവരും അതിനോട് യോജിക്കുമെന്ന് ശശി തരൂർ എം.പി പറഞ്ഞു. എന്നാൽ ഇവർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മാണിക്യം ടാഗോർ തിരിച്ചടിച്ചു.