തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റർ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എം പി. തന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. അതേസമയം സംഭവത്തിൽ ആർ പി എഫ് കേസെടുത്തിട്ടുണ്ട്. ഷൊർണൂർ ആർ പി എഫിന് യുവമോർച്ച പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസിന്റെ വിന്റോ ഗ്ളാസിന് മുകളിലാണ് വി കെ ശ്രീകണ്ഠൻ എം പിയുടെ പോസ്റ്റർ പതിച്ചത്. പാലക്കാട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് അഭിവാദ്യങ്ങളർപ്പിച്ച് പോസ്റ്റർ ഒട്ടിച്ചത്. ഉടൻ തന്നെ റെയിൽവെ പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കി.
വന്ദേ ഭാരത് എക്സ്പ്രസിന് ആദ്യഘട്ടത്തിൽ ഷൊർണൂരിൽ സ്റ്റോപ്പുണ്ടായിരുന്നില്ല. പിന്നീട് ഇക്കാര്യം ആവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ എം.പി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ട് ഷൊർണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.