
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി വര്‍ദ്ധിക്കും. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു. 2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ശനിയാഴ്ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പൈലിങ് പ്രവര്‍ത്തനങ്ങളുടെ സ്വിച്ച് ഓണ്‍കര്‍മമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍വാനന്ദ സൊനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രി വി ശിവന് കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, വി എന്‍ വാസവന്, കെ എന്‍ ബാലഗോപാല്‍, വിഴിഞ്ഞം പേര്‍ട്ട് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി എന്നിവരും ചടങ്ങില്‍ പങ്കാളികളായി.
തുറമുഖത്തിന്റെ വാര്ഷികശേഷി 15 ലക്ഷം ടിഇയുവില്‍നിന്ന് 50 ലക്ഷം ടിഇയുവായി വര്‍ധിക്കുന്ന വിധത്തിലാണ് രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 800 മീറ്ററുള്ള നിലവിലുള്ള ബെര്‍ത്ത് 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്തെന്ന നേട്ടവും വിഴിഞ്ഞത്തിന് സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടും. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്ടറോളം കടല്‍ നികത്തും.


