
ദുബൈ: വിസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി യു എ ഇ അധികൃതർ. ഈ വർഷം നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 32,000 പ്രവാസികൾ പിടിയിലായതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കുകളും ഐ സി പി പുറത്തുവിട്ടു.
വിസ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനുമാണ് യു എ ഇയിൽ പരിശോധനകൾ നടത്തുന്നത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ പിടി കൂടിയ ശേഷം നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറും. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 31വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ചു രാജ്യം വിടുന്നവർക്ക് നിയമ തടസ്സമില്ലാതെ തിരികെ വരാനും അനുമതി നൽകിയിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചും,പൊതു മാപ്പ് ഉപയോഗിക്കാതെയും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
