കുവൈറ്റ് സിറ്റി: കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസും 500 ദിനാര്‍ വാര്‍ഷിക റിന്യൂവല്‍ ഫീസും ഉള്‍പ്പെടെയാണിതെന്ന് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിക്ക് 1000 മുതല്‍ 1200 വരെ ദിനാര്‍ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്കുണ്ടാവാന്‍ ഇടയുള്ള പ്രയാസം പരിഗണിച്ച് ഇന്‍ഷൂറന്‍സ് ഫീസ് 500 ദിനാര്‍ ആക്കി കുറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനായി എടുക്കേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ നല്‍കുന്നതിന് ആറ് പ്രാദേശിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ ആറ് കമ്പനികള്‍ നല്കുന്ന ഇന്‍ഷൂറന്‍സ് പോളിസി എടുത്തവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കാന്‍ വിസ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസും ഉള്‍പ്പെടെയുള്ള 1000 ദിനാറിനു പുറമെ ഈ 50 ദിനാര്‍ കൂടി നല്കേണ്ടിവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേക്കുറിച്ചുള്ള അറിയിപ്പ് ഉള്‍പ്പെടെയുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ അതോറിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതേസമയം, 60 കഴിഞ്ഞവരും ബിരുദ യോഗ്യതയലില്ലാത്തവരുമായ പ്രവാസികള്‍ക്ക് അവരുടെ മക്കളെ രാജ്യത്തെ പൊതു സ്കൂളുകളില്‍ ചേര്‍ക്കാനാവില്ല. പകരം സ്വകാര്യ സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. രാജ്യത്തിലെ സമ്പത്തിന്റെ വലിയൊരു ഭാഗം പ്രവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമത്തിനായി മാറ്റിവയ്ക്കേണ്ടിവരുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കുവൈറ്റ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.