
മനാമ: ബഹ്റൈനില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു.
എസ്.എല്‍.ആര്.ബി. ഓഫീസുകളില്‍ പോകാതെ തന്നെ എല്ലാ ഇടപാടുകളും ഇലക്ട്രോണിക് ആയി പൂര്‍ത്തിയാക്കാനും ദേശീയ അപ്പോയിന്റ്മെന്റ് സിസ്റ്റം ‘മവീദ്’ വഴി വീഡിയോ അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഇവിടെ സാധിക്കും.
ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനും സേവന വിതരണം മെച്ചപ്പെടുത്താനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ഈ സംരംഭം സഹായിക്കുന്നുവെന്ന് റിസോഴ്സസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡയാന ഫൈസല്‍ സര്‍ഹാന്‍ പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുക, സിസ്റ്റം ഉപയോഗത്തെക്കുറിച്ചുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശം നല്‍കുക, അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനമുണ്ടാക്കുക, വിവരങ്ങള്‍ സ്വീകരിക്കുക എന്നിവയുള്‍പ്പെടെ വേഗതയേറിയതും കാര്യക്ഷമവുമായ സഹായം നല്‍കാനാണ് വീഡിയോ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ എസ്.എല്‍.ആര്.ബിയുടെ വെബ്സൈറ്റില്‍ സഹായ കേന്ദ്ര വിഭാഗത്തിന് കീഴില്‍ ലഭ്യമാണ്. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ സേവനം ലഭ്യമാണ്.


