
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്. കോഴിക്കോട്ടെ 83കാരനായ വയോധികനില്‍നിന്ന് സൈബര്‍ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു.
വെസ്റ്റ് ഹില്‍ സ്വദേശിയായ വയോധികന് മുംബൈയിലെ സൈബര്‍ ക്രൈം പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്ന പേരിലാണ് ഫോണ്‍ വന്നത്. വയോധികന് മുമ്പ് മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്നു. മുംബൈയില്‍ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.
കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എലത്തൂര്‍ പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
