മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലദേശ് താരങ്ങളോട് ദേഷ്യപ്പെട്ട് ഇന്ത്യൻ താരം വിരാട് കോഹ്ലി. കോഹ്ലി പുറത്തായപ്പോളുള്ള ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ളാദ പ്രകടനമാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. 22 പന്തുകൾ നേരിട്ട കോഹ്ലി ഒരു റൺ മാത്രമാണ് നേടിയത്.
ബംഗ്ലദേശിൻ്റെ മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ 20–ാം ഓവറിൽ മോമിനുൾ ഹഖ് ക്യാച്ചെടുത്താണ് കോഹ്ലി പുറത്തായത്. തുടർന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനുമായി കോഹ്ലി തർക്കത്തിലേർപ്പെട്ടു. പിന്നാലെ അംപയർമാർ ഇടപെട്ട് കോഹ്ലിയെ ഫീൽഡിന് പുറത്തേക്ക് അയച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോൾ കോഹ്ലിക്ക് നിരവധി തവണ ക്യാച്ച് അവസരങ്ങൾ നഷ്ടമായി. ബംഗ്ലാദേശിനായി അർധ സെഞ്ച്വറി നേടിയ ലിറ്റൺ ദാസിനെ ഉൾപ്പെടെ പുറത്താക്കാൻ കോഹ്ലിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, സ്ലിപ്പിൽ ഫീൽഡ് ചെയ്ത കോഹ്ലിക്ക് പന്ത് കൈയിൽ ഒതുക്കാൻ കഴിഞ്ഞില്ല.