റിപ്പോർട്ട്: ടി.പി ജലാല്‍
കൊച്ചി: അമേരിക്കയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ കൃത്രിമം നടന്നുവെന്ന് ട്രംപിന്റെ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മലയാളിയുമായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്ങല്‍ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്കിയ കൂടിക്കാഴ്ചയിലാണ് ഇയാള്‍ ഇങ്ങിനെ പ്രതികരിച്ചത്. അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം വലിയ സംഭവമായി തോന്നാം എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ഇവിടെ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡോ വെരിഫിക്കേഷനോ ആവശ്യമില്ല. വോട്ട് ചെയ്യാന്‍ നേരിട്ട് ഹാജരാവേണ്ടതില്ല. അമ്പത് ശതമാനം വോട്ട് ഇത്തവണ ആളില്ലാതെയാണ് രേഖപ്പെടുത്തിയത്. സാധാരണ വെറും പത്തു ശതമാനത്തില്‍ താഴെയാണ് ഉണ്ടാവാറുള്ളത്. ഇതിനര്‍ത്ഥം ക്രിത്രിമം നടന്നുവെന്നാണ്. ഇത് തെളിയിക്കാന്‍ സമയം വേണം. ഇതിന് വേണ്ടിയാണ് ട്രംപ് കുറച്ചുദിവസം അധികാരത്തില്‍ തുടര്‍ന്നത്. നിയമപരമായ പ്രസിഡന്റാവണം അമേരിക്കക്ക് വേണ്ടത്. ഭാവിയില്‍ സുഗമമായ തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് സെന്‍ട്രല്‍ കമ്മിറ്റി നേതാവുകൂടിയായ വിന്‍സന്റ് പറഞ്ഞു.
ട്രംപ് വംശീയവാദിയാണെന്ന വാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് ഞാന്‍ ഇന്ത്യന്‍ ഫ്ളാഗുമായി പ്രകടനത്തിനിറങ്ങിയത്. സാധാരണ ഞാന്‍ അമേരിക്കന്‍ ഫ്ളാഗുമായാണ് റിപ്പബ്ലിക്കന്‍ പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. ഇതില്പരം ഒന്നുമില്ല. വിന്‍സന്റ് പറഞ്ഞു. ഒരു മില്യന്‍ ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അതില്‍ നിന്നും 10-15 പേര് സാഹസികമായി മതില് പിടിച്ചു കയറി കെട്ടിടത്തിലെത്തിയാണ് പ്രശ്നമുണ്ടാക്കിയത്. ഇവര്‍ തീര്‍ച്ചയായും ഞങ്ങളുടെ പാര്‍ട്ടിയിലുള്ള ആളല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രശ്നമുണ്ടാക്കിയവര്‍ പട്ടാളക്കാരെപോലെ പരിശീലനം ലഭിച്ചവരാണ്. ആ പ്രശ്നത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഞങ്ങള്‍ മാന്യമായി മുദ്രാവാക്യം വിളിയും ദേശീയഗാനം ആലപിച്ചും കെട്ടിടത്തിന്റെ താഴെ നില്‍ക്കുകയായിരുന്നു. ഞാന്‍ പങ്കെടുക്കുന്ന അഞ്ചാമത്തെ റാലിയാണിത്. മാന്യമായി മാത്രമേ പാര്‍ട്ടിയുടെ റാലി നടക്കാറുള്ളൂ. തീര്‍ച്ചയായും ഡെമോക്രാറ്റിക് സൈഡില്‍ നിന്നും ആളുകള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങാന്‍ ഒരു മില്യന്‍ ആളുകള്‍ തടിച്ചുകൂടി എന്ന് പറയുമ്പോള്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. എറണാംകുളം വൈറ്റില ചമ്പക്കര സ്വദേശിയായ വിന്‍സന്റ് പറഞ്ഞു.
24 വയസ്സുവരെ ഇന്ത്യയില്‍ ജീവിച്ചയാളാണ്. ഞനൊരു എഞ്ചിനീയറാണ്. മാന്യമായി പ്രതിഷേധ പ്രകടനം നടത്തുന്നയാളാണ്. ഞാന്‍ പ്രശ്നക്കാരനല്ല. ഞാനടക്കം അഞ്ചു മലയാളികള്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. അക്രമരാഷ്ട്രീയത്തില്‍ വെറുത്തിട്ട് അമേരിക്കയിലേക്ക് വന്നയാളാണ് ഞാന്‍. 54 കാരന് പറഞ്ഞു.