കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സന് മാവുങ്കൽ ഡിഐജിയുടെ ഔദ്യോഗിക വാഹനം സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചു. പോലീസുകാർക്ക് മദ്യം വിതരണം ചെയ്യുന്നതിനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ സ്വന്തം ഇടപാടുകൾക്കും റിട്ട. ഡി.ഐ.ജിയുടെ ഔദ്യോഗിക വാഹനമാണ് ഉപയോഗിച്ചതെന്ന് ഡ്രൈവർ ജെയ്സൺ പറഞ്ഞു. ഐജി ലക്ഷ്മണന്റെ മുദ്രയും ഒപ്പും അടങ്ങിയ പാസുകൾ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചതായും ജെയ്സൺ വെളിപ്പെടുത്തി.
പുരാവസ്തു തട്ടിപ്പ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കൊവിഡ് കാലത്ത് ഡിഐജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോൻസൻ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ആലപ്പുഴയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും സുഹൃത്തായ പോലീസുകാരന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് ജെയ്സൺ പറയുന്നത്.
തൃശൂരില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയില്‍നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള മോന്‍സന്റെ യാത്രയും പൊലീസ് വാഹനത്തിലായിരുന്നു. ഐജി ലക്ഷ്മണന്റെ ഒപ്പും സീലും അടങ്ങിയ പാസുകൾ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പരിശോധന ഒഴിവാക്കാൻ ഉപയോഗിച്ചു. മറ്റു ചിലരുടെ യാത്രകള്‍ക്കും ഈ പാസുകള്‍ നല്‍കിയിരുന്നതായും ജെയ്സണ്‍ വെളിപ്പെടുത്തുന്നു.