തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. കണ്ണൂർ യൂണിറ്റിനാണ് ചുമതല. നേരത്തെയും ഒത്തുതീർപ്പ് ആരോപണം ഉയർന്നപ്പോൾ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
മുഖ്യമന്ത്രിയ്ക്ക് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ദൂതനായി വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഡി.ജി.പി പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി.
വിജേഷിന്റെ ജില്ലയെന്ന നിലയ്ക്കാണ് കേസ് കണ്ണൂർ യൂണിറ്റ് അന്വേഷിക്കുന്നത്. സാധാരണഗതിയിൽ ഡി.ജി.പിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ, പരാതിക്കാരന്റെ വിലാസമുള്ള ജില്ലയിലെയോ പോലീസ് മേധാവിക്ക് കൈമാറുകയാണ് പതിവ്. ഈ പതിവ് മറികടന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല നൽകിയത്.