ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടിയും മുൻ എംപിയുമായ എം വിജയശാന്തി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറുന്നു എന്ന് സൂചന. കോൺഗ്രസിൽ തെനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും തന്നെ ഒതുക്കിക്കളഞ്ഞെന്നും ആരോപിച്ചാണ് വിജയശാന്തി തിരികെ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നത്. നടി ഖുശ്ബുവും അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിജയശാന്തി ബിജെപിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് ഒരു കോൺഗ്രസ് നേതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി പാർട്ടിക്ക് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ അവർ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി. 1998ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയശാന്തി ബിജെപി മഹിളാ മോർച്ചാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് ബിജെപി വിട്ട അവർ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2009-ൽ ഈ പാർട്ടി ടിആർസിൽ ലയിച്ചു. അക്കൊല്ലം തന്നെ മേദകിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ടിആർഎസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസിൽ ചേർന്നത്.