സംവിധായകൻ വെട്രിമാരനും വിജയ്യും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വെട്രിമാരനുമായി അടുത്ത സൗഹൃദമുള്ള സംവിധായകൻ ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. എന്നാൽ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ വിജയ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. തൃഷയാണ് ചിത്രത്തിലെ നായിക. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസ്’ ആണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.