
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാർഥിയാകും. ടിവികെ സ്ഥാനാർഥികൾക്ക് വോട്ട് ചെയുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ തന്നെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകണം. തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്യുടെ ഗ്യാരണ്ടികൾ.
വടക്കൻ ചെന്നൈയിലെ ഡിഎംകെ കോട്ടയാണ് പെരമ്പൂർ. 2021ൽ ഈ മണ്ഡലത്തിൽ ഡിഎംകെയുടെ ഭൂരിപക്ഷം 54,976 ആണ്. സിറ്റിംഗ് എംഎൽഎ ആർ ഡി ശേഖർ ആണ് ഇവിടെ ഡിഎംകെ സ്ഥാനാർഥി. 1967ന് ശേഷം പെരമ്പൂരിൽ എഐഎഡിഎംകെ ജയിച്ചത് രണ്ട് തവണ മാത്രമാണ്. ഇത്തവണ എഐഎഡിഎംകെ മുന്നണിയിൽ മത്സരിക്കുന്നത് പിഎംകെ ആണ്. ചെന്നൈയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള മണ്ഡലം (2,22,792) ആണിത്. എസ്ഐആറിലൂടെ 25 ശതമാനത്തോളം വോട്ടർമാരെ നീക്കി. 2011ൽ നിലവിൽ വന്ന മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. 2011ലും 2016ലും എഐഎഡിഎംകെ ജയിച്ചു. 2021ൽ ഡിഎംകെയ്ക്ക് 53,797 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്.


