
ചെന്നൈ: കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്. കരൂർ അപകടത്തിന് ശേഷം ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാറിനെതിരെ രംഗത്തെത്തി. ചൊവ്വാഴ്ച രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് സംസ്ഥാന സർക്കാറിനെതിരെ വിജയ് രംഗത്തെത്തിയത്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും കുറ്റപ്പെടുത്തി.
മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡിഎംകെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന രോഷത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. മഴയിൽ ഗോഡൗണുകളിലും വയലുകളിലും കൊയ്തെടുത്ത നെൽക്കതിരുകൾ അഴുകുന്നത് തടയാൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
സർക്കാർ കർഷകരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഉൽപ്പന്നങ്ങൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്നും എന്നാൽ കർഷകരുടെ കഠിനാധ്വാനവും അധ്വാനവും പാഴാകാൻ സർക്കാർ അനുവദിച്ചുവെന്നും വിജയ് ആരോപിച്ചു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനുശേഷം വിജയ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. ടിവികെയുടെ പ്രത്യേക ജനറൽ കൗൺസിൽ യോഗം ഉടൻ നടക്കാനിരിക്കെയാണ് നടന്റെ പ്രസ്താവന എന്നതും ശ്രദ്ധേയം.


