
കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന് ലൈസന്‍സിനായി ഓണ്‍ലൈനായി നല്കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ.
തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.


