കൊച്ചി: മലിനമായി കിടന്ന ഫോർട്ട്കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ, ടൂറിസം വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി. റഷ്യൻ വിനോദസഞ്ചാരികൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു വെയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ചാക്ക് കെട്ടുകൾക്ക് നടുവിൽ കൊച്ചിക്കാർക്കായി ഒരു സന്ദേശവും ഇവർ എഴുതി വെച്ചിരുന്നു. ‘‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക’’, എന്നാണ് ഈ സന്ദേശത്തിൽ എഴുതിയിരുന്നത്.
വീഡിയോ വൈറലായതിനു പിന്നാലെ പല കോണുകളിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധവും ഉയർന്നിരുന്നു. ഓൾ കേരള ടൂർ ഗൈഡ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി സതീഷിന്റെ സാന്നിധ്യത്തിലാണ് റഷ്യൻ സംഘം ബീച്ച് വൃത്തിയാക്കിയത്. ഇദ്ദേഹമാണ് ഈ വിനോദസഞ്ചാരികളുടെ സംഘത്തെ നയിച്ചിരുന്നത്. പ്ലാസ്റ്റിക്, കുളവാഴ, തെർമോക്കോൾ, ഗ്ലാസ് ബോട്ടിലുകൾ തുടങ്ങിവയൊക്കെയാണ് ഫോർട്ട് കൊച്ചി ബീച്ചിലെ മാലിന്യങ്ങളിൽ അധികവും.