
ദില്ലി: സ്ഥാനാർത്ഥിത്വം ആശയ പോരാട്ടത്തിന്റെ ഭാഗമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി. ഇന്ത്യയുടെ 60 ശതമാനം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന പാർട്ടികളാണ് തന്റെ പിന്നിൽ നില്‍ക്കുന്നതെന്നും സുദർശൻ റെഡ്ഡി പ്രതികരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്ശൻ റെഡ്ഡി. കോൺഗ്രസാണ് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ജസ്റ്റിസ് സുദര്ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സിപി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്റി ബോർഡ് യോഗത്തിലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനും ജസ്റ്റിസ് സുദർശൻ റെഡ്ഡിയും മത്സരിക്കുന്നത്.
1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
തെക്കേ ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നിലവിൽ മഹാരാഷ്ചട്ര ഗവർണറാണ് ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കൊയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായിരുന്നു ഇദ്ദേഹം.
