
മനാമ: 2025ലെ ബഹ്റൈന്‍ വെറ്ററിനറി സമ്മേളനത്തിനും എക്സിബിഷനും ഗള്‍ഫ് ഹോട്ടലില്‍ തുടക്കമായി. സമ്മേളനം മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിപുലമായ പ്രാദേശിക, അന്തര്‍ദേശീയ പങ്കാളിത്തമുണ്ട്.
ഭക്ഷ്യസുരക്ഷയുടെയും സുസ്ഥിര വികസനത്തിന്റെയും പ്രധാന സ്തംഭമായി കന്നുകാലി മേഖലയെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വൈദഗ്ധ്യം കൈമാറുന്നതിനും പൊതുവായ കാഴ്ചപ്പാടുകള്‍ കെട്ടിപ്പടുക്കുന്നതിനും ദേശീയ, പ്രാദേശിക തലങ്ങളില്‍ വെറ്ററിനറി മെഡിസിന് പുരോഗതിക്കും വെറ്ററിനറി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങള്‍ ആരംഭിക്കാനും സമ്മേളനം ഫലപ്രദമായ വേദിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈനിലെ വെറ്ററിനറി മെഡിസിന് രംഗത്തെ പ്രമുഖരെ ആദരിച്ചു.
സുസ്ഥിര വികസനവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച വിദഗ്ധരുടെ പ്രത്യേക പാനല്‍ ചര്‍ച്ചകള്‍ സമ്മേളനത്തിലുണ്ടാകും. കൂടാതെ പ്രമുഖ കമ്പനികള്‍, ഫാര്‍മസികള്‍, ഫാക്ടറികള്‍, വെറ്ററിനറി ക്ലിനിക്കുകള്‍ എന്നിവ അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രദര്‍ശനവും നടക്കുന്നു.
