ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ ഉടൻ പിടികൂടുന്നതിനോട് യോജിക്കാനാവില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിച്ച് ഡീൻ കുര്യാക്കോസ്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുപകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തീരുമാനമാണ് കോടതി എടുത്തിരിക്കുന്നത്.
ഈ കേസിലെ പരാതിക്കാരായവരെ, അരിക്കൊമ്പനെ പിടിക്കരുതെന്ന് ഇപ്പോഴും പറയുന്നവരെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുന്നു. ആനശല്യം രൂക്ഷമായ പ്രദേശത്ത് കുറച്ചുകാലം വന്ന് താമസിക്കാൻ പരാതിക്കാരെ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ ദുരിതം അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിന് തന്നെ അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.