കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പച്ചക്കറി തൈ നട്ട് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചൈതന്യ അങ്കണത്തില്‍ നടപ്പിലാക്കുന്ന കൃഷി പരിപാലന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി മന്ത്രി പച്ചക്കറി തൈ നട്ടത്. പദ്ധതിയുടെ ഭാഗമായ മാതൃക കൃഷിത്തോട്ടവും സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചൈതന്യ അങ്കണത്തില്‍ ഒരുക്കും.
കൂടാതെ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെയും കര്‍ഷക സംഘങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാലാക്കുന്നതിലുള്ള തയ്യാറെടുപ്പിലാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നപ്പോഴാണ് പദ്ധതിയുടെ ഭാഗമായി മന്ത്രി ചൈതന്യ അങ്കണത്തില്‍ പച്ചക്കറിതൈ നട്ടത്.
കൃഷി വകുപ്പ് ഡയറക്ടര്‍ റ്റി.വി സുഭാഷ് ഐ.എ.എസ്, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സോണിയാ വി.ആര്, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പള്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബീന ജോര്‍ജ്ജ് എന്നിവര്‍ മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.