ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് 3 വർഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എന്ത് അടിസ്ഥാനത്തിലാണ് വീണയ്ക്ക് ഈ പണം ലഭിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇത് ‘വീണ സർവീസ് ടാക്സ്’ ആണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ‘‘ഇന്ന് നമ്മൾ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ, ‘വീണാ സർവീസ് ടാക്സ്’ എന്ന പേരിൽ പുതിയ തരം നികുതി ഏർപ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളിൽനിന്നു പണം വാങ്ങുന്നത്’ – രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. വിവിധ കമ്പനികൾ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയിൽ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു.
‘‘2004–09 കാലഘട്ടത്തിലെ യുപിഎ ഭരണത്തിൽ ഇടതു പാർട്ടികൾക്ക് നിർണായക റോളുണ്ടായിരുന്നു. ഇക്കാലത്താണ് 2ജി, കൽക്കരി പോലുള്ള വൻകിട അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നത്. സോഫ്റ്റ്വെയറുമായും ടെക്നോളജിയുമായും പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ലാത്ത സിഎംആർഎൽ പോലുള്ള കമ്പനികൾ എന്തിനാണ് വീണ വിജയന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നത്? പ്രതിപക്ഷ ഇന്ത്യ മുന്നണി രൂപീകരിച്ച ഇടത് പാർട്ടികളും കോൺഗ്രസും മറുപടി നൽകിയേ തീരൂ’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിഎംആർഎൽ വീണയ്ക്ക് ഈ നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് കഴിഞ്ഞ ദിവസം തീർപ്പു കൽപിച്ചിരുന്നു. വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു.