തിരുവനന്തപുരം: എ ഐ ക്യാമറ വിഷയത്തിൽ ഹെെക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ ഉത്തരവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ തെളിവുകളും രേഖകളും നൽകിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിയ്ക്ക് ഇനിയെന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും കോടതി വിധി സാധാരണ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയൻ സർക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
‘എ ഐ ക്യാമറ ഇടപാടിലെ നഗ്നമായ അഴിമതിക്കെതിരെ ഞാനും വി ഡി സതീശനും കൊടുത്ത ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവ് സ്വാഗതാർഹമാണ്. എ ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കൽ, നിർത്തിവെയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റിൽ കൈയ്യിട്ടു വരാൻ ഉദ്ദേശിച്ച പിണറായി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ ഉത്തരവ്. ഞാൻ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോൾ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയിൽ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാൽ ഈ ഇടപാടിൽ അഴിമതി ഞാൻ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.’ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുന്നിൽ എത്തിയ്ക്കുമെന്നും കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ‘കെ എം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെ ഗതിയെന്നും’ സതീശൻ പറഞ്ഞു.
തെരുവുനായ്ക്കൾ കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സർക്കാർ. പ്രഖ്യാപിച്ച കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരും. പൊലീസ് കുറ്റവാളികളുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ ഭീഷണി ഉള്ളതുകൊണ്ടാണ് നിഖിലിന്റെ ശുപാർശ നേതാവിന്റെ പേര് മാനേജർ പറയാത്തത്. സിപിഎം നേതാവിന്റെ പേര് കെഎസ്യു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണമെന്നും കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു