തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് വിഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അങ്ങനെയുള്ള ഒരാൾ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് വീണാ ജോർജിന്റെ പ്രതികരണം.
“സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണ്!! പ്രതിപക്ഷ നേതാവിന്റെ ആ കാപട്യം ഇന്ന് സഭയിൽ കണ്ടു. സ്ത്രീകളെ അധിക്ഷേപിച്ച ശേഷം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ പതിവ് ശൈലി”. വീണ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നെന്ന് ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തിനെ തുടർന്നാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ടാണ് വീണാ ജോർജിന്റെ പ്രതികരണം.