എടക്കര: തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ തലത്തിലെ നിയന്ത്രണങ്ങൾ കാരണം പല പദ്ധതികളും നടപ്പാക്കാൻ കഴിയുന്നില്ല. നേരത്തേയുണ്ടായിരുന്ന വിവിധ ഭവന നിർമാണ പദ്ധതികൾ ഏകോപിപ്പിച്ചതാണ് ഇപ്പോൾ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതി. ഇതിനായി ഒരു ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകുന്നത്.
ബാക്കി തുക പഞ്ചായത്തുകൾ വായ്പയെടുത്താണ് നൽകുന്നത്. ഓരോ വർഷവും ലഭിക്കുന്ന പ്ലാൻ ഫണ്ടിൽ നിന്ന് ഈ തുക വെട്ടിക്കുറയ്ക്കുന്നതിനാൽ റോഡ് നിർമ്മാണം ഉൾപ്പെടെ കാര്യമായ പദ്ധതികളൊന്നും നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് കഴിയുന്നില്ലെന്നും സതീശൻ പറഞ്ഞു. മൂത്തേടം പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 104 കുടുംബങ്ങൾക്കായി ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് വാങ്ങിയ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആദ്യ ഗഡു സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഭൂമിയുടെ രേഖകൾ കൈമാറി. റഷീദ് വളപ്ര, സജ്ന അബ്ദുഹിമാൻ, ടി.പി.സഫിയ, ജസ്മൽ പുതിയറ, അനീഷ് കാറ്റാടി, എ.ടി.റെജി, പൊറ്റയിൽ മുഹമ്മദ്, വി.പി.അബ്ദുറഹിമാൻ, എ.പി. അനിൽകുമാർ, എം.പി.പ്രേമൻ, ടോമി കൽക്കുളം, നൗഷാദ് ദേവശ്ശേരി എന്നിവർ സംസാരിച്ചു.

