വിഷപ്പാമ്പുകളെ ഏറ്റവും പേടിയോടെ മാത്രം കണ്ടിരുന്ന കാലത്തുനിന്ന് പാമ്പുകളെ സ്നേഹത്തോടെ നോക്കാൻ മലയാളിയെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും വാവ സുരേഷ് എന്ന തിരുവന്തപുരം ശ്രീകാര്യം സ്വദേശി ആയിരുന്നു. പാമ്പിന് ചെവി കേൾക്കില്ല, പാമ്പാട്ടികളുടെ മകുടി ഊതൽ പാമ്പുകൾ കേൾക്കുന്നില്ല, വെളുത്തുള്ളി അരച്ച് പറമ്പിൽ ഒഴിച്ചതുകൊണ്ട് പാമ്പ് വരാതിരിക്കില്ല തുടങ്ങി ഈ ഇഴജന്തുവുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങൾ മലയാളികൾക്കിടയിൽനിന്ന് മാറ്റിയെടുക്കുന്നതിന് വാവ പ്രയത്നിച്ചിട്ടുണ്ട്. പാമ്പിനെ അക്രമി ആയിട്ടല്ല, പ്രദേശത്തെ ‘അതിഥി’ എന്നു മാത്രമേ വാവ സുരേഷ് വിശേഷിപ്പിക്കാറുള്ളൂ. അനുവാദമില്ലാതെ അകത്തു വരുന്ന അതിഥിയെ അതിന്റെ യഥാർഥ വാസ സ്ഥലത്തേക്ക്, കാട്ടിലേക്ക്, എത്തിക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നും വാവ പറയും. വീടിന്റെ പിന്നാമ്പുറത്തുള്ള വീപ്പകളിൽ നിറയെ മൂർഖൻ പാമ്പുകളെ സൂക്ഷിച്ചിരുന്ന ഒരു കാലം വാവയ്ക്കുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും പിടികൂടിയ വിഷപ്പാമ്പുകളായിരുന്നു അവ. 35 വർഷമായി, സ്വന്തം വാഹനത്തിൽ, എല്ലാ ചെലവും സ്വയം വഹിച്ച്, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഓടിയെത്തുന്ന സുരേഷ് മലയാളികളുടെ പ്രിയങ്കരനായി മാറിയത് വെറുതെയല്ല. പെട്രോൾ കാശ് പോലും കിട്ടാതെ, കൊടുത്താലും വാങ്ങാൻ നിൽക്കാതെ, ഒരു ചെറുചിരി സമ്മാനിച്ച് വാവ പാമ്പിനെയും ചാക്കിലാക്കി മടങ്ങുന്നത് നോക്കി നിൽക്കാറുണ്ട് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ.
പാമ്പുപിടിത്തത്തിന്റെ തുടക്കക്കാലത്ത് പാമ്പിനെ കയ്യിൽ പിടിച്ച് ‘ഷോ’ നടത്താൻ വാവ തുനിഞ്ഞിരുന്നു. ശരിയാണ്. പക്ഷേ, ഇപ്പോൾ വാവ അങ്ങനെയൊരു സാഹസത്തിന് മുതിരാറില്ല. പാമ്പിനെ കാണാൻ സ്വാഭാവികമായും പ്രദേശത്തുള്ള നാട്ടുകാർ ഓടിക്കൂടും.കേൾവിശക്തി ഇല്ലാത്ത പാമ്പുകൾ മുന്നിലുള്ള അനക്കം മാത്രമാണ് കാണുന്നതെന്ന് വാവ എപ്പോഴും പറയും. അതിന്റെ ശ്രദ്ധ മാറുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത കടി കിട്ടിയേക്കാം. അങ്ങനെ മുന്നൂറിലേറെ തവണ പാമ്പ് കടിയേറ്റിട്ടുണ്ട് വാവയ്ക്ക്. മെഡിക്കൽ കോളജിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ബോധമറ്റ് കിടക്കുന്നതൊന്നും വാവയ്ക്ക് പുതുമയല്ല. മലയാളികളുടെ പ്രാർഥനയ്ക്കൊപ്പം വാവയും ഉയിർത്തെഴുന്നേറ്റു വരികയാണ് പതിവ്. ശംഖുവരയനെയാണ് ഏറ്റവും സൂക്ഷിക്കണ്ടത് എന്ന് വാവ പറയും. കാരണം ആഴത്തിലുള്ള മുറിവുകളോ വലിയ വേദനയോ ഒന്നും ഉണ്ടാവില്ല. വിഷം ഉള്ളിലെത്തി കാഴ്ച മറയുമ്പോഴായിരിക്കും കടിയേറ്റത് അറിയുന്നത് തന്നെ. കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പൊലീസിനും പ്രോസിക്യൂഷനും തുണയായതും വാവ സുരേഷിന്റെ അനുഭവ പരിചയം തന്നെയാണ്. പാമ്പിന്റെ സ്വാഭാവികമായ കടി ഇത്ര ആഴത്തിൽ ശരീരത്തിൽ പതിയില്ലെന്ന സംശയം പ്രകടിപ്പിച്ചത് വാവ ആയിരുന്നു. അത് ശരിയാവുകയും ചെയ്തു.
നാല് തവണ സുരേഷ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 266തോളം സർപ്പ ദശനങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രകൃയയൈലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012 സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു . 2013 ആഗസ്റ്റ് മാസം ഒരു അണലി കടിച്ചത് കാരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2020 ഫ്രെബുവരി യിൽ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വെച്ച് വാവ സുരേഷിന് വീണ്ടും പാമ്പ് കടിയേറ്റു. കല്ലേറത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ കയ്യിൽ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതുകൊണ്ട് ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
വാർത്തേതര പരിപാടിയുടെ മികച്ച ആങ്കർ ഇനത്തിൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 ൽ ലഭിച്ചു. കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ അവതരണത്തിനായിരുന്നു അവാർഡ്. വാവ സുരേഷിന് ആയിരത്തിലധികം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നിലയിൽ വരുന്ന മുഴുവൻ പണവും അഭ്യുദയകാംക്ഷികളും പ്രകൃതിസ്നേഹികളും നനൽകുന്ന ധനസഹായങ്ങളും അദ്ദേഹം ഉരഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വിനിയോഗിക്കുന്നു. വാവ സുരേഷിന്റെ സേവനങ്ങൾ മുന്നിർത്തി കാട്ടാക്കടയിൽ നിർമ്മിക്കാനിരിക്കുക്ക സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വാഗ്ദാനം നൽകിയെങ്കിലും സ്ഥിരം ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സേവിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സുരേഷ് ആ ജോലി നിരസിച്ചുവാവ സുരേഷിന്റെ എല്ലാ ഫെയ്സ്ബുക്ക് പോസ്റ്റുകളും അവസാനിക്കുന്നത് ഇങ്ങനെയാണ് – ‘ലോകമെമ്പാടുമുള്ള എന്നെ സ്നേഹിക്കുന്ന സഹോദരീ സഹോദരന്മാർക്കും ഗുരുജനങ്ങൾക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു… ’ അങ്ങനെ പറയുന്ന വാവയ്ക്ക് മറ്റൊരു ദുരിതം ഉണ്ടാകില്ല എന്ന് മലയാളി ഉറച്ചു വിശ്വസിക്കുന്നു.