തിരുവനന്തപുരം: വണ്ടിപ്പെരിയാർ സംഭവത്തിൽ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്മോർട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎൽഎ ശ്രമിച്ചതെന്നും വണ്ടിപ്പെരിയാർ വിഷയത്തിൽ മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവർക്കെതിരെ കേസെടുക്കണം. രാജ്യത്ത് സ്ത്രീപീഡന കേസുകളിൽ പ്രതികൾ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. ഭരണകക്ഷിക്കാരായതു കൊണ്ടാണ് പ്രതികൾ രക്ഷപ്പെടുന്നത്. സമീപകാലത്ത് പട്ടികജാതിക്കാരായ പെൺകുട്ടികൾ ഇരകളായ നിരവധി കേസുകൾ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങളും ബലാത്സംഘങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. 75,000ൽ അധികം സ്ത്രീപീഡനകേസുകളാണ് അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 15,000 ബലാത്സംഘ കേസുകളുണ്ട്. അഞ്ച് മാസത്തിനിടെ 1600 സ്ത്രീപീഡന കേസുകൾ റിപ്പോർട്ട് ചെയ്തു. കൊച്ചുകുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പൊലീസും ഭരണസംവിധാനങ്ങളും പ്രതികൾക്കൊപ്പം നിൽക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്.
പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടും ഭരണകക്ഷി നേതാക്കൾ അത് ആവർത്തിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിൽ കേരള പൊലീസ് താത്പര്യം കാണിക്കുന്നില്ല.
കള്ളക്കേസുകളെടുക്കാൻ മാത്രമേ കേരള പൊലീസിന് താത്പര്യമുള്ളൂ. ഇത്രയും പീഡനങ്ങൾ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. വാളയാറിന് അപ്പുറത്ത് പീഡനം നടന്നാൽ മാത്രമേ സാംസ്ക്കാരിക നായകൻമാർ പ്രതികരിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. പ്രതികളുടെ രാഷ്ട്രീയവും ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയവും നോക്കി പ്രതികരിക്കുന്ന സെലക്ടീവ് പ്രതികരണ തൊഴിലാളികളായി സാംസ്ക്കാരിക നായകൻമാർ അധപതിച്ചെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ജില്ലാ ജനറൽ സെക്രട്ടറി ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, സംസ്ഥാന ഉപാദ്ധ്യക്ഷ വിടി രമ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർബി രാകേന്ദു, സംസ്ഥാന സെക്രട്ടറി അഞ്ജന, ജില്ലാ ജനറൽ സെക്രട്ടറി കെ.ശ്രീകല, ബിജെപി ഉപാദ്ധ്യക്ഷ ആർസി ബീന,ജില്ലാസെക്രട്ടറി മഞ്ജു, ജില്ലാ ഭാരവാഹികളായ സ്വപ്നാ സുദർശനൻ, ജയശ്രീ, സന്ധ്യാ ശ്രീകുമാർ, ഹിമ സിജി, ചിഞ്ചു എന്നിവർ പങ്കെടുത്തു.