വടകര: കോഴിക്കോട് വടകര സഹകരണ ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചത് വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്ഗന് ഫ്രീമാന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍വച്ച ഫ്ലക്സിലാണ് മോര്‍ഗന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്ലക്സ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ പരസ്യഏജന്‍സിക്ക് പറ്റിയ പിഴവാണ് ഇതെന്നാണ് ആശുപത്രി അധികൃതരുെട വിശദീകരണം.
ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ നടനും സംവിധായകനുമാണ് മോര്ഗന് ഫ്രീമാന്‍. അത്തരമൊരു സിനിമാ പ്രതിഭയുടെ ചിത്രമാണ് അശ്രദ്ധ മൂലം വടകര സഹകരണ ആശുപത്രിയുടെ പരസ്യത്തില്‍ ഇടംപിടിച്ചത്. അരിമ്പാറ, പാലുണ്ണി, സ്കിന്‍ടാഗ് എന്നിവയുടെ ചികില്‍സ നടത്തുന്ന ചര്‍മ്മരോഗ വിഭാഗത്തിന് വേണ്ടിയാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചത്. വീഴ്ച്ച സമ്മതിച്ച വടകര സഹകരണ ആശുപത്രി, പരസ്യഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് വിശദീകരിച്ചു. പുറത്ത് നിന്നുള്ള ഏജന്‍സിക്കാണ് പരസ്യകരാര്‍ നല്‍കിയത്. വിമര്‍ശനം വന്നപ്പോഴാണ് കാര്യം മനസിലാക്കിയത്. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബോര്‍ഡ് എടുത്തുമാറ്റിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
