തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രമുഖനായ പരിശീലകരിൽ ഒരാളായ ഒ.എം നമ്പ്യാരുടെ വേർപാട് തീരാനഷ്ടമാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
പി ടി ഉഷയുടെ പരിശീലകൻ എന്ന നിലയിലാണ് നമ്പ്യാർ ശ്രദ്ധേയനായത്. വലിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തും തന്റെ പരിശീലന മികവ് കാണിക്കാൻ നമ്പ്യാർക്ക് സാധിച്ചു.
എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അദ്ദേഹം കേരള ഗവൺമെന്റിന്റെ ക്ഷണപ്രകാരം സ്പോട്സ് കൗൺസിൽ പരിശീലകനായി എത്തുകയായിരുന്നു. പിന്നീട് ഉഷയിലൂടെ ചരിത്രം രചിച്ചു.
നമ്പ്യാരുടെ സമർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ശിഷ്യരോട് അദ്ദേഹത്തിന് അളവറ്റ വാത്സല്യമായിരുന്നു. അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ഓടിയെത്താനും ശ്രദ്ധിച്ചിരുന്നു. കേരള കായികലോകം ഈ മനുഷ്യനെ ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു.