ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പർവ്വതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വൻദുരന്തം. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് ഐടിബിപി, ദുരന്തപ്രതികരണസേന എന്നിവരെ ഇറക്കി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 600 അംഗ സൈന്യത്തിന്റെ ഗ്രൂപ്പുകളെയും ദുരന്തനിവാരണസേനയെയും വ്യോമസേനയെയും ഡെറാഡൂണിൽ നിന്ന് സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് വൻവെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ.
ഉത്തരാഖണ്ഡിൽ വൻമഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം. ഡാം തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Read More: https://t.co/ICw8ae7yeY pic.twitter.com/kKjiuIIUAf
— Starvision News Malayalam (@StarvisionMal) February 7, 2021
ചമോലിയിലെ തപോവൻ മേഖലകളിൽ നിന്നുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ സൈറ്റിലുള്ള അണക്കെട്ടാണ് ഭാഗികമായി തകർന്നത്. ഇവിടെ നിന്നാണ് 3 മൃതദേഹങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയ ഐടിബിപി ഉദ്യോഗസ്ഥർ കണ്ടെടുത്തിരിക്കുന്നത്. തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ചമോലി മുതൽ ഹരിദ്വാർ വരെയുള്ള പ്രളയമേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അൽപസമയത്തിനകം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രറാവത്ത് സ്ഥലത്ത് ആകാശസന്ദർശനം നടത്തും. ദുരന്തവിവരമറിഞ്ഞയുടൻ മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങളുടെ വിവരങ്ങൾ തേടാനും ഏകോപിപ്പിക്കാനുമായി അടിയന്തരയോഗം വിളിച്ചുചേർത്തിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥലത്തുണ്ടായത് വൻദുരന്തമാണെന്നും ഉടൻ കേന്ദ്രസഹായം തേടേണ്ടതുണ്ടെന്നും വിലയിരുത്തി.