
ടെല്‍അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി വര്‍ധിപ്പിച്ച് യുഎസ് നാവിക സേനയുടെ കപ്പല്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ തുറമുഖനഗരമായ എയ്ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ ആണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്.
ഇറാന് ലക്ഷ്യമാക്കി യുഎസിന്റെ വിമാന വാഹിനിക്കപ്പലടങ്ങുന്ന വമ്പന്‍ സൈനിക വ്യൂഹം നീങ്ങുന്നെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചെങ്കടലില്‍ യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ തീരത്ത് എത്തിയ കപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു.
എന്നാല്‍, ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇറാന്റെ നിലപാട്. ഏത് ആക്രമണത്തിനും മറുപടിയായി യുഎസ് താവളങ്ങളെയും വിമാനവാഹിനിക്കപ്പലുകളെയും ലക്ഷ്യമിട്ട് തിരിച്ചടി ഉണ്ടാകും. യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ക്ക് ‘ദുര്‍ബലതകള്‍’ ഉണ്ട്. ഗള്‍ഫ് മേഖലയിലെ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങള്‍ തങ്ങളുടെ മധ്യദൂര മിസൈലുകളുടെ പരിധിയിലാണെന്നും ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ പ്രതികരിച്ചു. സ്റ്റേറ്റ് ടെലിവിഷനോടായിരുന്നു പ്രതികരണം. യുഎസ് ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെ 1,000 പുതിയ ‘സ്ട്രാറ്റജിക് ഡ്രോണുകള്‍’ ഇറാന് സൈന്യത്തില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ അന്താരാഷ്ട ഇടപെടലുകളും സജീവമാണ്. ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് തുര്‍ക്കി രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് ത്വയിബ് ഉര്ദുഗാന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനോട് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുര്‍ക്കിയില്‍ എത്തുകയും ചെയ്തിരുന്നു. അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്ന് തന്റെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനും പ്രതികരിച്ചിട്ടുണ്ട്. പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടിട്ടുണ്ട്.


