
മനാമ: യു.എ.ഇയുടെ ആതിഥേയത്വത്തില്‍ അമേരിക്ക, റഷ്യ, ഉക്രെയ്ന് എന്നീ രാജ്യങ്ങള്‍ തമ്മില്‍ അബുദാബിയില്‍ ചര്‍ച്ചകള്‍ നടത്തിയതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അനുസൃതമായി ഉക്രേനിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കാനുള്ള നിരന്തരമായ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങളിലെ ഒരു നിര്‍ണായക ചുവടുവെപ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സംഘര്‍ഷം അവസാനിപ്പിക്കാനും അതിന്റെ മാനുഷികാഘാതം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ പിന്തുണയും അഭിനന്ദനവും പ്രസ്താവനയില്‍ അറിയിച്ചു. അത്തരം ശ്രമങ്ങള്‍ യൂറോപ്പില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനും നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുസ്ഥിരമായ അഭിവൃദ്ധി കൈവരിക്കാനും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


