യുപിഐയുടെ വരവോടെ ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾ ഗണ്യമായി ഉയർന്നു. ഇടപാടുകൾ വളരെ ലളിതമായി നടത്താൻ കഴിയും എന്നതാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. അധിക ചെലവുകളൊന്നുമില്ലാതെ സെക്കൻഡുകൾക്കുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് യുപിഐയുടെ പ്രധാന സവിശേഷത. കൊവിഡ് കാലത്ത് യൂപിഐ രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് യുപിഐ അതിർത്തി കടന്നുള്ള ഇടപാടിലേക്ക് എത്തി. ഇന്ത്യയിൽ പോലും യുപിഐ പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് യുപിഐ ഇടപാടുകൾ നടത്താമെന്ന് റിസർവ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ചേർന്ന് യുപിഐ-പേനൗ എന്ന പുതിയ സേവനം ആരംഭിച്ചിരുന്നു. അതിർത്തി കടന്നുള്ള അതിവേഗ പേയ്മെന്റ് സംവിധാനങ്ങളുടെ വളർച്ചയാണ് ഇതിലൂടെ നടപ്പാക്കുന്നത്.
യുപിഐ-പേനൗ ഉപയോഗിച്ച് വിവിധ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവും തൽക്ഷണവും ചെലവ് കുറഞ്ഞതുമായ അന്താരാഷ്ട്ര പേയ്മെന്റുകൾ നടത്താൻ കഴിയുമെന്ന് റിസർവ് ബാങ്ക് പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലോ ഇ-വാലറ്റുകളിലോ ഉള്ള ഫണ്ടുകൾ യുപിഐ-ഐഡി, മൊബൈൽ നമ്പർ അല്ലെങ്കിൽ വെർച്വൽ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് രാജ്യത്തിന് പുറത്തും ഇടപാട് നടത്താം.
പ്രാരംഭ ഘട്ടത്തിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് അതിർത്തി കടന്നുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യുപിഐ-പേനൗ സേവനം വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ. ആക്സിസ് ബാങ്കും ഡിബിഎസ് ഇന്ത്യ ബാങ്കും രാജ്യത്തിനകത്തേക്കുള്ള ഇടപാടുകൾ നടത്താൻ മാത്രമേ അനുവദിക്കുകയുള്ളു.