മനാമ: യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ സെറ്റില്‍മെന്റ് പ്രോഗ്രാമുമായി (യു.എന്‍. ഹാബിറ്റാറ്റ്) സഹകരിച്ച് ബഹ്റൈന്‍ നഗര ആസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) സുസ്ഥിര നഗര നവീകരണത്തെക്കുറിച്ച് പ്രത്യേക പരിശീലന ശില്പശാല സംഘടിപ്പിച്ചു.
നഗരാസൂത്രണം, നഗര വികസനം, കെട്ടിടനിര്‍മ്മാണം എന്നിവയില്‍ ആഗോള വൈദഗ്ധ്യത്തിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി യു.പി.ഡി.എയും ബഹ്റൈനിലെ യു.എന്‍. ഡവലപ്മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി) തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരും അന്താരാഷ്ട്ര വിദഗ്ധരും ശില്പശാലയില് പങ്കെടുത്തു.
സില്പശാലയില് സുസ്ഥിര വികസന ലക്ഷ്യം, സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവന, അവശ്യ സേവനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രഭാഷണങ്ങള്‍. ആഗോളതലത്തില്‍ സമഗ്രവും സംയോജിതവുമായ ആസൂത്രണത്തിലൂടെയും മാനേജ്മെന്റിലൂടെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ നഗരവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു.
സുസ്ഥിരതയുടെയും നവീകരണത്തിന്റെയും മാതൃകയായ ദിയാര്‍ അല്‍ മുഹറഖ് മാസ്റ്റര്‍ പ്ലാന്‍ ശില്പശാലയില് പങ്കെടുത്തവര്‍ സന്ദര്‍ശിച്ചു. ഭാവി ആവശ്യങ്ങളോടും സുസ്ഥിര വികസന ലക്ഷ്യങ്ങളോടും യോജിച്ചുപോകുന്ന ഒരു സമൂഹത്തെ പരിപോഷിപ്പിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള ഹരിത ഇടങ്ങള്‍, പാര്‍ക്കുകള്‍, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍ തുടങ്ങിയയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
യു.പി.ഡി.എ. സി.ഇ.ഒ. അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യത്ത്, ബഹ്റൈനിലെ യു.എന്‍. ഹാബിറ്റാറ്റ് കണ്ട്രി പ്രോഗ്രാമിന്റെ ഔട്ട്ഗോയിംഗ് വിഭാഗം മേധാവി ഡോ. ഫെര്‍ണാണ്ട ലോണാര്ഡോണി എന്നിവര്‍ ശില്പശാല വിജയകരമായി പൂര്‍ത്തിയാക്കിയവരെ ആദരിച്ചു.
