
ദില്ലി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
പി എം ശ്രീ പദ്ധതിയിൽ സംഭവിച്ചത്
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു അത്. എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ ഘടകകക്ഷികൾ പോലും അറിയാതെ പി എം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ സി പി ഐ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പി എം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
മുഖ്യമന്ത്രി തന്നെ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയ ശേഷമാണ് കേരളം കത്തയച്ചത്. മന്ത്രിസഭാ യോഗത്തിൽ പോലും സി പി ഐ മന്ത്രിമാർ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നായിരുന്നു ഇത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിലോ, സി പി എമ്മിലോ, മന്ത്രിസഭയിലോ ചർച്ചയോ അറിവോ ഇല്ലാതെയാണ് പി എം ശ്രീയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതേ ചൊല്ലി സി പി ഐയും സി പി എമ്മും രണ്ട് തട്ടിലായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കിട്ടേണ്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് പി എം ശ്രീയിൽ ഒപ്പിട്ടതെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമായിരുന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാദം.


