
ഭോപ്പാല്‍: തനിക്ക് കീറിയതും പൊട്ടിപ്പൊളിഞ്ഞതുമായ സീറ്റ് നല്‍കിയതിന് പ്രമുഖ വിമാന സര്‍വീസ് ആയ എയര്‍ഇന്ത്യയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്. യാത്രക്കാരില്‍ നിന്ന് വിമാന കമ്പനി മുഴുവന്‍ നിരക്കും ഈടാക്കിയ ശേഷം മോശം സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വരുന്നത് അധാര്‍മികമായ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി എക്സിലാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇതിന് പിന്നാലെ അസൗകര്യം നേരിട്ടതിന് മന്ത്രിയോട് എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി.കര്ഷകമേളയിലും മറ്റും പങ്കെടുക്കുന്നതിന് ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനമായ AI436ലാണ് മന്ത്രി കയറിയത്. മന്ത്രിക്ക് സീറ്റ് നമ്പര്‍ 8c ആണ് അനുവദിച്ചത്. സീറ്റില്‍ എത്തി ഇരുന്നപ്പോള്‍ തന്നെ സീറ്റ് പൊട്ടിപ്പൊളിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞു. യാത്ര സുഖകരമായിരുന്നില്ലെന്നും മന്ത്രി എക്സില്‍ കുറിച്ചു. മോശം സീറ്റ് അനുവദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. വിമാനത്തിലെ നിരവധി സീറ്റുകളും സമാനമായ അവസ്ഥയിലായിരുന്നുവെന്നും ശിവരാജ് സിങ് ചൗഹാന് ആരോപിച്ചു.
‘സഹയാത്രക്കാര്‍ എന്നോട് മാറി ഇരിക്കാന്‍ നിര്‍ബന്ധിച്ചു, പക്ഷേ എന്റെ സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി എന്റെ സുഹൃത്തുക്കളെ ആരെയും ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍, അതേ സീറ്റില്‍ എന്റെ യാത്ര പൂര്‍ത്തിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- അദ്ദേഹം പറഞ്ഞു. ‘ടാറ്റ മാനേജ്മെന്റ് ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെടുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി. എന്റെ അസ്വസ്ഥതയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. പക്ഷേ യാത്രക്കാരോട് മുഴുവന്‍ നിരക്കും ഈടാക്കി അവരെ മോശം സീറ്റുകളില്‍ ഇരുത്തുന്നത് അനീതിയാണ്.ഇത് യാത്രക്കാരോടുള്ള ഒരുതരം വഞ്ചനയല്ലേ?’- കേന്ദ്രമന്ത്രി ചോദിച്ചു.
ഭാവിയില്‍ ഒരു യാത്രക്കാരനും ഇത്തരം മോശം അനുഭവം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് നടപടികള്‍ സ്വീകരിക്കുമോ, അതോ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുക്കുന്നത് തുടരുമോ എന്ന് ശിവരാജ് സിങ് ചൗഹാന് ചോദിച്ചു. ചൗഹാന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട എയര്‍ഇന്ത്യ മന്ത്രി നേരിട്ട അസൗകര്യത്തിന് ക്ഷമാപണം നടത്തുകയായിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ വിഷയത്തെ ഗൗരവത്തോടെ കാണുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
