
പാരീസ്: പാരീസിലെ യുണൈറ്റഡ് നേഷന്‍സ് എജുക്കേഷണല്‍, സയന്റിഫിക്, കള്‍ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ) ആസ്ഥാനത്ത് നടന്ന അറബ് വാരാഘോഷത്തില്‍ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം അവതരിപ്പിച്ചുകൊണ്ട് ബഹ്റൈന്‍ പങ്കെടുത്തു. യുനെസ്കോയിലെ അറബ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ 22 അറബ് പവലിയനുകളുണ്ടായിരുന്നു. ഓരോ രാജ്യവും അതിന്റെ സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങള്‍, ചരിത്രം, നാഗരികതയുടെ വിവിധ വശങ്ങള് എന്നിവ പ്രദര്‍ശിപ്പിച്ചു.

സാംസ്കാരിക സംവാദം മെച്ചപ്പെടുത്തുന്നതിനുള്ള വേദിയുമുണ്ടായിരുന്നു. അറബി ഭാഷ, കാലിഗ്രാഫി, സാഹിത്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കലകള്‍, സാംസ്കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും വിദഗ്ധര്‍ പങ്കെടുത്ത അക്കാദമിക് സെഷനുകള്‍ നടന്നു. ബഹ്റൈന്‍ പവലിയനില്‍ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വിവിധ വശങ്ങള് അവതരിപ്പിച്ചു. അന്തര്‍ദേശീയ സമൂഹത്തിന് ബഹ്റൈന്‍ സംസ്കാരത്തിന്റെ സമ്പന്നതയും ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ ചരിത്രപരമായ പങ്കും പരിചയപ്പെടുത്തുന്നതായിരുന്നു പ്രദര്‍ശനം.
ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) ഫ്രാന്‍സിലെ ബഹ്റൈന്‍ എംബസിയും യുനെസ്കോയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധികളും സഹകരിച്ചാണ് രാജ്യത്തിന്റെ പങ്കാളിത്തം വഹിച്ചത്.
