
സമര്‍ഖണ്ഡ്: 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയിലെ (യുനെസ്കോ) അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന യുനെസ്കോ പൊതുസമ്മേളനത്തിന്റെ 43ാമത് സെഷനിലാണ് ഈ പ്രഖ്യാപനമുണ്ടായത്. അന്താരാഷ്ട്ര സംഘടനകളില്‍ ബഹ്റൈന്‍ വഹിക്കുന്ന സജീവവും സ്വാധീനശക്തിയുമുള്ള പങ്കിനെയും പ്രാദേശികമായും ആഗോളമായും സ്വീകരിക്കുന്ന നയതന്ത്ര മികവിനെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസാം അബ്ദുല്‍ അസീസ് അല്‍ ജാസിം പറഞ്ഞു.
അറബ് ലോകത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി വിവിധ കക്ഷികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഏകീകൃത അറബ് നിലപാടുകളില്‍ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതിനും രാജ്യം അതിന്റെ അദ്ധ്യക്ഷസ്ഥാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.


