
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന, പലസ്തീന് പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.
യു.എന്‍. പൊതുസഭയുടെ 80ാമത് സെഷനോടനുബന്ധിച്ച് സൗദി അറേബ്യയും ഫ്രഞ്ച് റിപ്പബ്ലിക്കും സംയുക്തമായി മുന്‍കൈയെടുത്താണ് ഈ സമ്മേളനം നടത്തിയത്. പലസ്തീന് പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചും മേഖലയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള മാര്‍ഗമായി ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈമാറാന്‍ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും ഗവണ്മെന്റ് മേധാവികളും വിദേശകാര്യ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഫ്രാന്‍സ് സ്വതന്ത്ര പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ അംഗീകാരം പലസ്തീന് ജനതയുടെ അന്തസ്സും ചരിത്രവും അവകാശങ്ങളും സ്ഥിരീകരിക്കുന്നുവെന്നും ഇസ്രായേലിന്റെ അവകാശങ്ങളോ സുരക്ഷയോ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് രാജകുമാരന്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ് രാജകുമാരന് വേണ്ടി പ്രസംഗം നടത്തി.
ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവൈ, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഖാലിദ് യൂസഫ് അല്‍ ജലഹമ, വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫ, മന്ത്രാലയത്തിലെ ഏകോപന- തുടര്‍നടപടി മേഖലാ മേധാവി അംബാസഡര്‍ സയീദ് അബ്ദുള്ഖാലിഖ് സയീദ് എന്നിവരും പങ്കെടുത്തു.
