റിയാദ്: ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് സൗദിയിലുടനീളം യാത്ര ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.
ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്കാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ ഉംറ തീർത്ഥാടകർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്കിടയിലും, സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതർ വിശദമാക്കി.
രണ്ട് പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് പരിശോധന എല്ലാ തീർത്ഥാടകർക്കും ഒഴിവാക്കിയതായും മന്ത്രാലയം അറിയിച്ചു. മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥിക്കുന്നതിനും മദീനയിലെ പ്രവാചകന്റെ മുഹമ്മദ് മസ്ജിദ് സന്ദർശിക്കുന്നതിനുമുള്ള പെർമിറ്റുകൾ റദ്ദാക്കുന്നത് ഉൾപ്പെടെ നിരവധി മുൻകരുതൽ നടപടികൾ ഹജ്ജ്, ഉംറ മന്ത്രാലയം എടുത്തുകളഞ്ഞു.
കൂടാതെ, വിദേശ മുസ്ലീങ്ങൾക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിന് നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റയുടെ രജിസ്ട്രേഷൻ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. രണ്ട് പുണ്യസ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നതിന് നെഗറ്റീവ് പിസിആർ പരിശോധനാ ഫലവും ആവശ്യമില്ല.
